അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേരുടെ ജീവനെടുത്തു

news image
Apr 15, 2025, 3:52 am GMT+0000 payyolionline.in

തൃശൂർ: അതിരപ്പിള്ളിയിൽ മനുഷ്യജീവനെടുത്ത് വീണ്ടും കാട്ടാനക്കലി. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

രണ്ടു ദിവസത്തിനിടെ പ്രദേശത്ത് മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. ഞായറാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ഒരു ആദിവാസി യുവാവും മരിച്ചിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിൽ ആയിരുന്ന ആക്രമണം. വനവിഭവം ശേഖരിക്കാൻ പോകുന്നതിനിടെയാണ് ഇരുവരെയും ആന ആക്രമിക്കുന്നത്. ഇന്നലെ രാത്രിയിൽ കാട്ടാനയെ കണ്ട് ഇരുവരും ഓടിയിരുന്നതായി സമീപവാസികൾ പറയുന്നു.

പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.

അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. വനത്തിൽനിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങുകയായിരുന്നു. വീടിന് 100 മീറ്റർ മാത്രം അകലെ വെച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. നാട്ടുകാർ സംഘടിച്ച് ആനയെ തുരത്തി നടത്തിയ തിരച്ചിലിൽ സെബാസ്റ്റ്യന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe