അതിവേഗം കുതിക്കാം: കോഴിക്കോട് നിന്ന് ബേ‌പ്പൂരിലേക്ക് ഇനി സ്പീഡ് ബോട്ട് സര്‍വീസ്

news image
Dec 27, 2025, 2:58 am GMT+0000 payyolionline.in

കോഴിക്കോട് നിന്ന് ബേ‌പ്പൂരിലേക്ക് ബോട്ട് സർവീസുമായി വിനോദ സഞ്ചാരവകുപ്പ്. ആദ്യമായാണ് കാഴ്ചകൾ കാണാനും ആസ്വദിക്കാനും ബോട്ട് സർവീസ് ഒരുക്കിയിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് സ്പീഡ് ബോട്ട് സർവീസ് ഉദ്‌ഘാടനം ചെയ്തു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ബോട്ട് സര്‍വീസ് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് ബീച്ചിൽ നിന്ന് ബേപ്പൂരിലേക്ക് കാഴ്ചകൾ കണ്ട് സഞ്ചരിക്കാനാണ് സ്പീഡ് ബോട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത്. മലബാറിന്റെ കടല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍വീസ് ആരംഭിക്കുന്നത്. കോഴിക്കോടിനെയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയില്‍ സ്പീഡ് ബോട്ട് യാത്ര പുതിയ അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.

കോഴിക്കോട്-ബേപ്പൂര്‍ റൂട്ടില്‍ ആദ്യമായാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. ഒരു ബോട്ടില്‍ 13 പേര്‍ക്ക് യാത്ര ചെയ്യാം. മിതമായ വേഗത്തില്‍ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍നിന്ന് ബേപ്പൂരിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബോട്ട് യാത്ര മികച്ച അനുഭവമായിരിക്കും. ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. വിവിധ പാക്കേജുകള്‍ തിരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്.

 

സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍, ഡി.ടി.പി.സി സെക്രട്ടറി ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe