അതിശക്തമായ മഴ വരുന്നു; കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

news image
Jun 10, 2025, 10:18 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്.കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. 12-ാം തിയതി മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ഒഡിഷയുടെ വടക്കൻതീരം, ഗംഗതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
  • നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
  • ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe