കോഴിക്കോട്: എസ്ഡിപിഐ – എൽഡിഎഫ് ഡീൽ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. ചോദ്യങ്ങളിൽ അക്ഷമനായ മുഖ്യമന്ത്രി മാധ്യമങ്ങളെ പഴിക്കുകയും എസ്ഡിപിഐക്കാരോട് പോയി ചോദിക്കാനും പറഞ്ഞു. വർഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത് എന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയാണ് എന്നും കുറ്റപ്പെടുത്തി.
എസ്ഡിപിഐ-എൽഡിഎഫ് ഡീൽ വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. യുഡിഎഫ് നുണകളെ ആശ്രയിക്കുകയാണ്. എല്ലാ ഘട്ടത്തിലും വർഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചിട്ടുള്ളത് എൽഡിഎഫാണ്. എല്ലാ വർഗീയതയോടും ശക്തമായ നിലപാടാണ് തങ്ങൾക്കുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഡിപിഐ വോട്ടുകളെ സംബന്ധിച്ച് പാർട്ടി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമാണല്ലോ എന്ന ചോദ്യത്തോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് സ്വന്തമായ ഒരു ധാരണയുണ്ട് എന്നും യുഡിഎഫിനെപ്പോലെ വർഗീയ പ്രസ്ഥാനങ്ങളോട് കൂട്ടുകൂടാൻ സിപിഐഎമ്മിനെ കിട്ടില്ല എന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. കോൺഗ്രസിനെ പവിത്രമാക്കുകയാണ് മാധ്യമങ്ങൾക്ക് വേണ്ടത്. നാട്ടുകാർ ഇത് വിശ്വസിക്കില്ല. മാധ്യമങ്ങൾ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നത്. അത് മാറ്റിവെക്കണമെന്നും എസ്ഡിപിഐയെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊതുവേദിയിലെ പെരുമാറ്റത്തെ കുറിച്ച് പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. തന്റെ പെരുമാറ്റം ശരിയാണോ അല്ലയോ എന്നത് മാധ്യമങ്ങൾ വിലയിരുത്തിയാൽ മതി. പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുനടക്കേണ്ട കാര്യം എനിക്കില്ല. താൻ ഇന്നലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലിനെ ഉന്നമിട്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. കെ സി വേണുഗോപാലിനെതിരെ ഹരിയാനയിൽ ഉയർന്നുവന്ന സ്ഥാനാർത്ഥിത്വത്തിനായുള്ള കോഴ ആരോപണമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉയർത്തിയത്. കെ സിക്കെതിരെ ഉയർന്നത് ഗുരുതര ആരോപണമാണെന്നും കോൺഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോപണം വ്യാജമാണെങ്കിൽ നിഷേധിക്കാം. നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യാം. പാർട്ടിയുടെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന ആളെ സംബന്ധിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോൺഗ്രസ് ആഭ്യന്തര അന്വേഷണം പോലും നടത്തിയില്ല എന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
