‘അത്തരം ബസുകളുടെ പെര്‍മിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കണം’; വിദ്യാർഥികളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ

news image
Feb 10, 2024, 4:43 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളുടെ പെര്‍മിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസന്‍സും റദ്ദ് ചെയ്യുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. 

 

‘കിളിമാനൂര്‍-വെളളല്ലൂര്‍ കല്ലമ്പലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്.’ അര്‍ഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ച് കമ്മിഷന് ലഭിച്ച പരാതിയിലാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മിഷന്‍ അംഗം എന്‍. സുനന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം ലഭ്യമാക്കാനും  ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe