സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ മിക്ക മേഖലകളിലും ആവശ്യമുള്ള ഒരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. പലപ്പോഴും ആധാര്‍ കാര്‍ഡ് നമ്മുടെ കൈയില്‍ ഉണ്ടാകാറില്ല. അത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ ആശ്രയിക്കുക ആധാറിന്റെ ഡിജിറ്റല്‍ കോപ്പിയെയാണ്.
യുഐഡിഎഐ പോര്‍ട്ടല്‍, ഡിജിലോക്കര്‍ എന്നിവയെയാണ് ആധാറിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കുന്നതിനായി നമ്മള്‍ പലപ്പോഴും ആശ്രയിക്കാറുള്ളത്. എന്നാല്‍ അത് വഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കുക എന്നത് സാധാരണക്കാരന് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്.
ഇപ്പോള്‍ ഇതാ അതിനും ഒരു പരിഹാരം എത്തിയിരിക്കുകയാണ്. വാട്സാപ്പ് വഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കാൻ സാധിക്കും. വാട്ട്സ്ആപ്പിലെ MyGov Helpdesk എന്ന ചാറ്റ്ബോട്ടാണ് ഇതിന് സഹായിക്കുന്നത്.
+91-9013151515 എന്ന നമ്പറാണ് MyGov Helpdeskന്റേത്. ഇത് സേവ് ചെയ്തിട്ട് ഈ നമ്പറിലേക്ക് ഒരു Hi അയക്കുക. പിന്നെ ലഭിക്കുന്ന മെനുവില്‍ ‘DigiLocker Services’ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ട് വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. അതിനാല്‍ ഡിജിലോക്കറില്‍ ലോഗിൻ ചെയ്തിരിക്കണം.
പിന്നീട് 12 അക്ക ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് എന്റര്‍ ചെയ്യുകയാണെങ്കില്‍ ഡിജിലോക്കറില്‍ ലഭ്യമായിരിക്കുന്ന എല്ലാ രേഖകളെല്ലാം വാട്സാപ്പില്‍ ലഭിക്കും.