മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെഎസ്യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പ്രിയേഷ് സാർ തന്റെ പ്രോജക്ട് മെന്ററാണെന്നും ക്ലാസിൽ താൻ ഓടിവന്നു കയറിയപ്പോൾ ‘ഇന്നത്തെ മൊഡ്യുൾ കഴിഞ്ഞു , ക്ലാസും കഴിഞ്ഞു’വെന്ന് സാർ പറഞ്ഞപ്പോൾ കുട്ടികളെല്ലാം ചിരിച്ചുവെന്നും അപ്പോൾ താനും ജാള്യതയോടെ ചിരിച്ചതാണെന്നും ഫാസിൽ പറഞ്ഞു.
‘ഈ വിഡിയോ ഒരു കുട്ടി ‘അറ്റൻഡൻസ് മാറ്റേഴ്സ് ’ എന്ന തലക്കെട്ടോടെ തമാശയ്ക്കായി പോസ്റ്റ് ചെയ്തതാണ്. ക്ലാസ് കഴിഞ്ഞ് സാറിനൊപ്പമാണ് ഞാൻ ഡിപ്പാർട്ട്മെന്റ് വരെ പോയത്. സ്വാതി എന്ന കുട്ടി ക്ലാസിലെ കസേര നീക്കിയിട്ടത് സാറിനു തടസ്സമില്ലാതെ പോകാൻ വേണ്ടിയാണ്.സാറിനെ എന്നും ക്ലാസിലേക്കു കൊണ്ടുവരുന്നതും കൊണ്ടുവിടുന്നതും ഈ കുട്ടിയാണ്.സാറിനെ കളിയാക്കാൻ ഒരു ഉദ്ദേശ്യവും വിദ്യാർഥികൾക്കുണ്ടായിരുന്നില്ല– ഫാസിൽ വിശദീകരിച്ചു.
എന്നാൽ പുറത്തു നിന്നു വിഡിയോ കാണുന്ന ഒരാൾ തെറ്റിദ്ധരിക്കപ്പെടാമെന്നും സാറിന് തങ്ങൾക്കെതിരെ എന്തു നടപടിയും സ്വീകരിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ ഫാസിൽ ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും സാറിനെക്കണ്ട് കാര്യം വിശദീകരിച്ചുവെന്നും അറിയിച്ചു. എന്നാൽ പുറത്തുവന്ന വിഡിയോ മറ്റു ലക്ഷ്യങ്ങളോടെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് ക്ലാസിലെ ഒരു വിഭാഗം വിദ്യാർഥികളുടെ ആരോപണം.
∙ ‘കുട്ടികളുടെ നടപടി വേദനിപ്പിച്ചു; ഇനി ഇങ്ങനെ ഉണ്ടാകരുത്. എന്റെ കാഴ്ച പരിമിതിയെയാണ് അവർ ചൂഷണം ചെയ്തത്. ജീവിതത്തിൽ ഒരു പാട് തടസ്സങ്ങളും പ്രതിസന്ധികളും മറികടന്നാണ് കോളജ് അധ്യാപകനായത്.വിഡിയോയ്ക്ക് വന്ന കമന്റുകളും വേദനാജനകമായി.കോളജിലെ അച്ചടക്ക സമിതി വിഷയം അന്വേഷിക്കുന്നുണ്ട്.കോളജിൽ തന്നെ തീർപ്പുണ്ടാകും.ഇത്തരം പ്രവൃത്തി ഇനി ആരും ചെയ്യരുത്. പ്രശ്നം രാഷ്ട്രീയവൽക്കരിക്കരുത്. ക്യാപസിനുള്ളിൽതന്നെ പരിഹാരം ഉണ്ടാകണം.’ – ഡോ.സി.യു.പ്രിയേഷ്