കൊച്ചി∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിനെതിരെ നിർണായക നീക്കവുമായി എന്‍ഐഎ. സവാദിന്‍റെ ഡിഎന്‍എ പരിശോധന നടത്താനാണ് എന്‍ഐഎ ഒരുങ്ങുന്നു. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുന്നതിനാണ് നീക്കം.
സവാദിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. സവാദിനെ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് അറിയുന്നു. കൈവെട്ടു കേസില്‍ ഒന്നാം പ്രതിയായ സവാദിനെ സംഭവശേഷം 13 വർഷം കഴിഞ്ഞാണ് എൻഐഎ അടുത്തിടെ കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
സവാദിനായി രാജ്യത്തിനകത്തും പുറത്തും ഊർജിതമായ അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒടുവിൽ അറസ്റ്റിലാകുമ്പോൾ ഷാജഹാന്‍ എന്ന പേരിൽ മരപ്പണി ചെയ്യുകയായിരുന്നു. ഇതിനിടെ വിവാഹം കഴിക്കുകയും രണ്ടു കുട്ടികളുടെ പിതാവാകുകയും ചെയ്തു. സവാദിനെ അടുത്തിടെ നടന്ന തിരിച്ചറിയിൽ പരേഡിൽ പ്രഫ. ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞിരുന്നു. പ്രവാചകനെ അപകീർത്തിപ്പെടുന്ന വിധത്തിൽ ചോദ്യപേപ്പർ തയാറാക്കി എന്നാരോപിച്ച് 2010 ജൂലൈ ആറിനാണ് പ്രതികൾ പ്രഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയത്.