അധ്യാപകർ ക്ലാസെടുക്കുന്നത് ജയിലിലാകുമെന്ന ഭയത്തോടെ: ഹൈക്കോടതി

news image
Nov 9, 2024, 7:48 am GMT+0000 payyolionline.in

കൊച്ചി > ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരളാ ഹൈക്കോടതി. കുട്ടികളുടെ നല്ലതിനായി അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷാനടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ഏഴാംക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ് റദ്ദാക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

ഡെസ്കിൽ കാൽ കയറ്റിവെച്ചത് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞതിനായിരുന്നു അധ്യാപിക വിദ്യാർഥിയെ അടിച്ചത്. കുട്ടിക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. അച്ചടക്കപാലനത്തിന്റെ ഭാഗമായാണ് കുട്ടിയെ ശിക്ഷിച്ചതെന്ന് അധ്യാപിക കോടതിയിൽ വ്യക്തമാക്കി. വീട്ടിൽ ചെയ്യുന്നത് പോലെ സ്കൂളിൽ ചെയ്യരുത് എന്നു അധ്യാപിക പറഞ്ഞപ്പോൾ, ‘വീട്ടുകാരെ പറഞ്ഞതു കൊണ്ടാണ് അസഭ്യം പറഞ്ഞതെന്നായിരുന്നു കുട്ടി മൊഴി നൽകിയത്.

 

എന്നാൽ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല അധ്യപിക പെരുമാറ്റമെന്ന് കോടതി നിരീക്ഷിച്ചു. ഗുരുദക്ഷിണയായി ചോദിച്ച പെരുവിരൽ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ചുനൽകിയ ഏകലവ്യൻ പകർന്ന പാഠമൊക്കെ ഇപ്പോൾ തലകീഴായി മറിഞ്ഞെന്നും ഈ അവസ്ഥ തുടർന്നാൽ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതിൽ ആശങ്കയുണ്ടെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീൻ പറഞ്ഞു. തുടർന്നാണ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കി ഉത്തരവിറക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe