മലപ്പുറം: മലപ്പുറത്തെ സ്‌കൂളിലെ അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരിതൊടിയിൽ ബിനോയി (26) ആണ് അറസ്റ്റിലായത്. പ്രധാനധ്യാപികയും മറ്റ് അധ്യാപികമാരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ കൈക്കലാക്കിയ പ്രതി അശ്ലീല ഫോട്ടോകളുമായി രൂപഭേദം ചെയ്ത് പ്രധാനാധ്യാപികയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ലാപ്‌ടോപ്, മൊബൈൽ ഫോൺ എന്നിവയിൽനിന്ന് നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബർ പൊലീസ് കണ്ടെടുത്തു.
മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ പ്രതിക്ക് കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. മലപ്പുറം അഡീഷനൽ എസ്.ഐ പി പ്രദീപ്കുമാറിന് ലഭിച്ച പരാതിയെ തുടർന്ന് ഡിവൈ.എസ്.പി അബ്ദുൽ ബഷീർ, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെ ക്ടർ എം.ജെ. അരുൺ എന്നിവരാണ് അന്വേഷണം നടത്തിയത്. സൈബർ പൊലീസ് സ്റ്റേഷൻ എസ്.ഐ അബ്ദുൽ ലത്തീഫ്, എ.എസ്.ഐ റിയാസ് ബാബു, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അശോക് കുമാർ, മുഹമ്മദ് ഷാഫി എന്നിവരും അന്വേഷണത്തിൽ സംബന്ധിച്ചു. നടപടികൾക്കു ശേഷം പ്രതിയെ ബുധനാഴ്ച ജില്ല ചീഫ് ജു ഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജറാക്കും