അനധികൃത ഫ്ലെക്സ് ബോർഡ്: സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി

news image
Dec 11, 2024, 12:05 pm GMT+0000 payyolionline.in

കൊച്ചി: അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എത്ര  ബോർഡുകൾ നീക്കം ചെയ്തെന്ന കണക്കുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടിയതിൽ സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാർടികളുടെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ കണക്കുകൾ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഇന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

രാഷ്ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാൽ നിരത്തുകൾ മലീമസമാക്കുന്ന നടപടിയിൽ മാറ്റം വരുമെന്നും കോടതി നിരീക്ഷിച്ചു. സർക്കാരിന്‍റെ ഭാഗമായിട്ടുളള ബോർഡുകൾ ഇത്തരത്തിൽ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാൻ കഴിയുമോ എന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ  ചോദിച്ചു. ഫ്ലക്സ് ബോർഡുകൾ നീക്കാൻ ധൈര്യം വേണമെന്ന് സർക്കാരിനോട് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

കേരള ഹൈക്കോടതി ഇന്ന് പരിഗണിച്ച ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസിലും രൂക്ഷ വിമർശനം സർക്കാരിന് നേരിടേണ്ടി വന്നു.  തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ കോടതി നിർദേശം ലംഘിച്ച് ആനകളെ എഴുന്നള്ളിച്ചതിൽ കോടതിലക്ഷ്യ നടപടികൾ തുടങ്ങാനും ഹൈക്കോടതി തീരുമാനിച്ചു. ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച്  നിർദേശിച്ചു. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്നും ഇക്കാര്യത്തിൽ ദേവസ്വം ഓഫീസർ നൽകിയ സത്യവാങ്മൂലം സ്വീകരിക്കാനാകില്ലെന്നും 15 ആനകളെയും എഴുന്നള്ളിച്ചില്ലെങ്കിൽ ഭക്തർ എതിരാകുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഈ പോക്കുപോയാൽ നിയമം ഇല്ലാത്ത നാടായി കേരളം മാറുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe