ശ്രീനഗർ∙ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തുചാടിക്കാനുള്ള സുരക്ഷാസേനയുടെ തിരച്ചിൽ ആറാം ദിവസത്തിലേക്ക്. ഒളിത്താവളത്തിനു സമീപത്തുനിന്നു കത്തിക്കരിഞ്ഞനിലയുള്ള ഒരു മൃതദേഹം സുരക്ഷാ സേന കണ്ടെടുത്തു. മൃതദേഹം ആരുടേതാണെന്നു കണ്ടെത്താനായിട്ടില്ല. ശരീരത്തിലെ വസ്ത്രത്തിന്റെ പാറ്റേണിന്റെ അടിസ്ഥാനത്തിൽ, മൃതദേഹം ഭീകരരുടേതാണെന്നു സംശയിക്കുന്നു.
അതേസമയം, ഭീകരർ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷ ശക്തമാക്കി. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വനമേഖലയിൽ നിരീക്ഷണം ശക്തമാക്കി. വനത്തിൽ ഗുഹപോലെയുള്ള ഒളിയിടങ്ങളുണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് ഇവയുടെ സ്ഥാനം തിരയുകയാണെന്നും സുരക്ഷാസേന അറിയിച്ചു.
രണ്ടോ മൂന്നോ ഭീകരർ വനത്തിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം. ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ 2 കരസേനാ ഓഫിസർമാരും ജമ്മു കശ്മീർ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു.