കോഴിക്കോട്∙ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പുതുപ്പള്ളിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രതീക്ഷിക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങൾക്ക് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മറുപടി.
‘‘പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കം ബിജെപി ആരംഭിച്ചുകഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടിയുടെ അന്തിമ സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമാകും. ശക്തമായിട്ടുള്ള പ്രചാരണവും നല്ല മത്സരവും നടത്താൻ സാധിക്കുന്ന തരത്തിൽ മുന്നോട്ടുപോകാനാണ് തീരുമാനം. പാർട്ടിയുടെ കോർ ഗ്രൂപ്പ് യോഗവും എൻഡിഎ യോഗവും 12ന് തൃശൂരിൽ ചേരും. അന്തിമമായ സ്ഥാനാർഥി പട്ടിക 12–ാം തീയതി വൈകിട്ടോടെ പുറത്തിറക്കും. അവിടെ നിങ്ങൾക്ക് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാം. ഞങ്ങൾ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ്. അന്തിമമായ സ്ഥാനാർഥിക പട്ടിക പുറത്തുവരുമ്പോൾ വ്യക്തമായ ചിത്രം ലഭിക്കും’’ – സുരേന്ദ്രൻ പറഞ്ഞു.