തിരുവനന്തപുരം : ക്രിസ്തുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ വിശ്വാസികൾ 17-ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വ്യാഴാഴ്ച തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച ദിവസമായ 18-ന് രാവിലെ നഗരത്തിൽ വിവിധ കത്തോലിക്കാസഭകൾ കുരിശുംപേറി സംയുക്തമായി കുരിശിന്റെ വഴി നടത്തും. ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്‌നാനായ സഭകളുടെ നേതൃത്വത്തിൽ പാളയം സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിൽനിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പ്രാരംഭസന്ദേശവും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ സമാപനസന്ദേശവും നൽകും. ഞായറാഴ്ചയാണ് ഈസ്റ്റർ.
വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലി, പൗരോഹിത്യ സ്ഥാപന അനുസ്മരണം, പാദക്ഷാളനം എന്നിവ നടത്തും. രാത്രി 8മുതൽ 12വരെ പരിശുദ്ധ കുർബാനയുടെ ആരാധന.
ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളുടെ ഭാഗമായി ഉച്ചകഴിഞ്ഞ് 3-ന് പീഡാസഹനാനുസ്മരണം, ദൈവവചനപ്രഘോഷണം, കുരിശാരാധന. വൈകീട്ട് പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. തുടർന്ന് തിരുസ്വരൂപ വണക്കം എന്നിവ നടക്കും. ശനിയാഴ്ച രാത്രി പെഹസാ ജാഗരം, പുത്തൻതിരിയും വെള്ളവും ആശീർവദിക്കൽ, ഈസ്റ്റർദിനത്തിൽ രാവിലെയും വൈകീട്ടും ദിവ്യബലി എന്നിവയും ദേവാലയങ്ങളിൽ ആചരിക്കും.
പാളയം സെയ്‌ന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും പട്ടം സെയ്‌ന്റ് മേരീസ് മേജർ കത്തീഡ്രലിൽ ശുശ്രൂഷയ്ക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ വികാരി ഫാ. ജോൺ തെക്കേക്കരയും കാർമികത്വം വഹിക്കും. ലൂർദ് ഫൊറോന പള്ളിയിൽ പീഡാനുഭവ വെള്ളി കർമങ്ങൾക്ക് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കാർമികത്വം വഹിക്കും. ഞായറാഴ്ച പുലർച്ചെ 3-ന് ഉയിർപ്പ് ഞായർ തിരുക്കർമങ്ങൾ ആരംഭിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം, പാളയം സെയ്‌ന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രൽ,
പുന്നൻറോഡ് സെയ്‌ന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സിംഹാസന കത്തീഡ്രൽ,
പേരൂർക്കട തെക്കൻ പരുമല സെയ്‌ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വലിയപള്ളി, പാളയം സമാധാനരാജ്ഞി ബസിലിക്ക എന്നിവിടങ്ങളിലും ശുശ്രൂഷകൾ നടക്കും.