കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. അടച്ചിട്ട കോടതിമുറിയിലെ വാദങ്ങൾ ചോർത്തി എന്നും കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞുവെന്നുമാണ് ആരോപണം. കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12-ന് പരിഗണിക്കുന്നതിനായി മാറ്റി. ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകുന്നതിന് മുമ്പ് ചാനലിൽ ഇന്റർവ്യൂ നൽകി എന്നും ദിലീപിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളാണ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പരിഗണിച്ചത്. അവിടെയാണ് ദിലീപിന്റെ അഭിഭാഷകർ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞു എന്നതാണ് പ്രധാന ആക്ഷേപം.
അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി എന്ന ഒരാക്ഷേപം കൂടി അവർ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല, ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകുന്നതിന് മുമ്പുതന്നെ ചില ചാനലുകളിൽ അഭിമുഖം നൽകി. അങ്ങനെയൊരു സാക്ഷി ഉണ്ടെങ്കിൽ അത് കോടതിയെ ആയിരുന്നു അറിയിക്കേണ്ടത് എന്നും ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിരവധി കോടതിയലക്ഷ്യ ഹർജികൾ ഇന്ന് കോടതിയുടെ മുമ്പാകെ വന്നിരുന്നു. കേസിലെ വിധി വന്നതിന് പിന്നാലെ നടത്തിയ പരാമർശങ്ങളടക്കം അവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹർജികളിലെ വിശദമായ വാദം ജനുവരി 12-ന് തുടരും. അതിനുശേഷമായിരിക്കും കോടതി ഈ വിഷയത്തിൽ തീരുമാനത്തിൽ എത്തുക.
