പന്തളം : എം.സി റോഡിൽ ബഹുനില കെട്ടിടത്തിന്റെ മുകളിലും മറ്റുമായി വൻ പരസ്യ ബോർഡുകൾ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന ആശങ്കയോടെ ജനങ്ങൾ. കാലവർഷം ശക്തിപ്പെട്ടതോടെ കാറ്റിലും മഴയിലും നിരവധി ബോർഡുകൾ നിലത്തുവീണ് അപകടം ഉണ്ടായിട്ടുണ്ടെങ്കിലും എം.സി റോഡിൽ സ്വകാര്യ വ്യക്തികളുടെ ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വൻ തുകക്ക് കരാർ ഉറപ്പിച്ച് ബോർഡുകൾ സ്ഥാപിക്കുകയാണ്.
ഉറപ്പിച്ചു നിർത്തുന്നതാണെങ്കിലും കെട്ടിടത്തിന് മുകളിൽ സുരക്ഷ ഇല്ലാതെയാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. എം.സി റോഡിൽ ഇരുവശങ്ങളിലുമായി നിരവധി കെട്ടിടങ്ങൾക്ക് മുകളിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ബോർഡുകൾ സ്ഥാപിക്കുമ്പോൾ നഗരസഭയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിക്കുമ്പോൾ ഇത്തരം അനുമതി വാങ്ങാനൊന്നും വൻകിട പരസ്യ കമ്പനികൾ തയ്യാറാകുന്നില്ല. കൂടാതെ
കാഴ്ച മറയ്ക്കുന്ന തരത്തിൽ റോഡരികിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈകോടതി വിധി കാറ്റിൽ പറത്തിയാണ് നഗരത്തിൽ പരസ്യ ബോർഡുകൾ നിറയുന്നത്. വൈദ്യുതി – ടെലിഫോൺ പോസ്റ്റുകൾ, പാതയോരങ്ങൾ, നടപ്പാതകൾ തുടങ്ങി നഗരത്തിന്റെ മുക്കിലും മൂലയിലും വരെ അപകടം വരുത്തും വിധമാണ് പരസ്യബോർഡുള്ളത്. പരസ്യ ബോർഡുകൾ കാരണം കാൽനടയാത്രക്കാർക്ക് പലപ്പോഴും മറുപുറത്തെ വാഹനങ്ങൾ കാണാതെയാണ് റോഡ് ക്രോസ് ചെയ്യേണ്ടി വരുന്നത്. തീയതി വച്ചുള്ള പ്രോഗ്രാം ബാനറുകൾക്ക് പരിപാടി അവസാനിക്കുന്ന തീയതി- ഉപയോഗം അവസാനിക്കുന്ന തീയതിയായും, തീയതി വെക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങൾക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തീയതി- ഉപയോഗം അവസാനിക്കുന്ന തീയതിയായും നിശ്ചയിക്കേണ്ടതാണെന്ന് സർക്കാർ ഉത്തരവുണ്ട്.
ബോർഡുകൾ, ബാനറുകൾ എന്നിവ ഉപയോഗം അവസാനിക്കുന്ന തീയതിക്കുശേഷം പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാപിച്ചവർ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തിലേക്ക് തിരിച്ചേൽപ്പിക്കുകയും വേണം. ഉപയോഗം അവസാനിക്കുന്ന തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷവും ബോർഡ് എടുത്തുമാറ്റാത്ത പക്ഷം സ്ഥാപിച്ചവരിൽ നിന്ന് നഗരസഭയ്ക്ക് ഫൈൻ ഈടാക്കാനും കഴിയും.