ലാഹോർ: അഫ്ഗാനിസ്താൻ അതിർത്തിക്കടുത്തുള്ള രണ്ട് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ താലിബാൻ ഭീകരർ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രാൽ ജില്ലയിലാണ് സംഭവം. ഇന്നലെയാണ് ആധുനിക ആയുധങ്ങളുമായി ഒരു സംഘം ഭീകരർ പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രണ്ട് പാകിസ്താൻ സൈനിക പോസ്റ്റുകൾ ആക്രമിച്ചത്. ഏറ്റുമുട്ടലിനിടെ നാല് പാക് സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാകിസ്താൻ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിന്റെ പിടിയിലായ സൈനികർ താലിബാൻ പോരാളികൾക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്നവീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ക്ലിപ്പുകളുടെ ആധികാരികത പരിശോധിച്ച് വരികയാണ്.
ചിത്രാൽ ജില്ലയിലെ ഒസ്തായ് സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിനും ജൻജീരത് കോ ചെക്ക്‌പോസ്റ്റിനും നേരെയുണ്ടായ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ പാകിസ്താൻ ഏറ്റെടുത്തു. ഒസ്തായ് സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിലെ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ജൻജെരീത് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചിത്രാൽ സ്കൗട്ട് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണങ്ങളെ തുടർന്ന് കനത്ത സുരക്ഷ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.