അഫ്‍ഗാനിസ്ഥാനിൽ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ 2 പേർക്ക് പരസ്യ വധശിക്ഷയുമായി താലിബാൻ

news image
Feb 22, 2024, 1:46 pm GMT+0000 payyolionline.in

കാബൂൾ∙ അഫ്‌ഗാനിസ്ഥാനിൽ പരസ്യ വധശിക്ഷ നടപ്പാക്കി താലിബാൻ. കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ ഗസ്‌നി നഗരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയത്തിലാണ് കൊലപാതക കുറ്റത്തിനു ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ക്കു പരസ്യ വധശിക്ഷ നൽകിയത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്സാദ ഒപ്പുവച്ച മരണ വാറന്റ് സുപ്രീം കോടതി ഉദ്യോഗസ്ഥനായ അതിഖുല്ല ദാർവിഷ് ഉറക്കെ വായിച്ചു കേൾപ്പിച്ചു. പിന്നാലെ ഇരുവരെയും ജനങ്ങൾക്ക് അഭിമുഖമായി നിർത്തി പിൻവശത്ത് നിരവധി തവണ വെടിവച്ചാണ് ശിക്ഷ നടപ്പാക്കിയത്.

‘‘ഇവർ കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടവരാണ്. രണ്ടുവർഷമായി കോടതിയിൽ വിചാരണ നടക്കുകയായിരുന്നു. ഇതിനു ശേഷമാണ് ശിക്ഷാ ഉത്തരവിൽ ഒപ്പിട്ടത്’’– ദാർവിഷ് പറഞ്ഞു.

പരസ്യശിക്ഷ നടപ്പാക്കുന്നത് കാണുന്നതിനായി ആയിരക്കണക്കിനു പുരുഷൻമാരാണു സ്റ്റേഡിയത്തിലേക്കെത്തിയത്. ഇതിനു പുറമേ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും വിധി നടപ്പാക്കുന്നതു കാണാനായി എത്തിയിരുന്നു. ഇവരോടു കുറ്റവാളികൾക്ക് ഇളവു നൽകണമോയെന്നു ചോദിച്ചെങ്കിലും അത് നിരസിച്ചതിനു പിന്നാലെയാണു ശിക്ഷ നടപ്പാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe