കൊല്ലം: ഹൈകോടതി അഭിഭാഷകൻ പി.ജി. മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പി.ജി. മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ നിരന്തരസമ്മർദം മൂലമാണ് പി.ജി. മനു തൂങ്ങിമരിച്ചതെന്നാണ് ആരോപണം. ഇയാളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ പകർത്തിയത്. എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്നയാളെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മരണത്തിന് ഏതാനും ദിവസം മുമ്പാണ് അഡ്വ. പി.ജി. മനു കുടുംബസമേതം യുവതിയുടെ വീട്ടിലെത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇയാളോടൊപ്പമുള്ള സ്ത്രീകളടക്കം കരഞ്ഞ് കാല് പിടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്തെ വീട്ടിൽ മനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്ന മനു രണ്ടുമാസം മുൻപാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് കേസിന്റെ ആവശ്യങ്ങൾക്കായി വീട് വാടകക്ക് എടുത്തത്.
പി.ജി. മനുവിനെതിരെ(55) അതിജീവിത പുറത്തുവിട്ടത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു. ഹൈകോടതിയിൽ സീനിയർ സർക്കാർ പ്ലീഡർ ആയിരുന്ന മനുവിനെ മറ്റൊരു കേസിൽ നിയമസഹായം തേടി മാതാപിതാക്കളോടൊപ്പം കാണാൻ എത്തിയപ്പോഴായിരുന്നു ക്രൂരമായ പീഡനം. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി നൽകിയ മൊഴി. ഇതിനു ശേഷം തന്‍റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചിരുന്നു.