തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷിറിന്‍റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിന്‍റെ വിചാരണ നിർത്തിവച്ചു. ശ്രീറാമിന്‍റെ അഭിഭാഷകൻ രാമൻപിളളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും കേസ് മാറ്റണമെന്നായിരുന്നു ആവശ്യം. രണ്ടാം നിലയിലുള്ള കോടതിയിലേക്കുള്ള പടവുകൾ കയറാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ നിര്‍ത്തിവച്ചത്. സാക്ഷികൾക്ക് അയച്ച സമൻസ് കോടതി മരവിപ്പിച്ചു.
ഇന്ന് മുതൽ 18വരെയാണ് വിചാരണ നടക്കേണ്ടിയിരുന്നത്. 100 സാക്ഷികളുള്ള കേസിൽ 95 സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. കേസിലെ ഏക പ്രതിയായ ശ്രീറാം കോടതിയിൽ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേൾക്കുകയും കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്.