അഭിമാന പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്

news image
Apr 25, 2023, 3:04 am GMT+0000 payyolionline.in

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ്. വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി നേരെ തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് പോകും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ റയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെയാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. രാവിലെ 9.15 ന് ഐഎൻഎസ് ഗരുഡയിൽ നിന്ന് വ്യോമസേനയുടെ പ്രത്യകേ വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുക. പത്ത് മണിയോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. തുടർന്ന് 10.10 ന് വിമാനത്താവളത്തിൽ സ്വീകരണം നൽകും. റെയിൽവെ സ്റ്റേഷനിൽ 10.30 ന് ഫ്ലാഗ് ഓഫ് നടക്കും. 10. 50 വരെ റെയിൽവെ സ്റ്റേഷനിൽ പ്രധാനമന്ത്രി തങ്ങും.

 

സംസ്ഥാനത്തിന്‍റെ റെയിൽവേ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫിനു പിന്നാലെ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകൾ പുനര്‍ വികസനത്തിലൂടെ ലോക നിലവാരത്തിലാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം സെൻട്രൽ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപ ടെര്‍മിനലായും 156 കോടി രൂപയുടേതാണ് പദ്ധതി. വിമാനത്താവള മാതൃകയിൽ സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാൻ 496 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനം പരിഗണിച്ച് വര്‍ക്കല സ്റ്റേഷനിൽ 170 കോടി രൂപയുടെ പുനര്‍നവീകരണം സാധ്യമാക്കും. നാല് പുതിയ ട്രാക്കുകൾ അടക്കം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയത്. ടെക്നോപാര്‍ക് ഫേസ് 4ന്‍റെ ഭാഗമായാണ് ഡിജിറ്റൽ സയൻസ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഡിജിറ്റൽ സര്‍വ്വകലാശാലയോട് ചേര്‍ന്ന് 14 ഏക്കര്‍ സ്ഥലത്ത് രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe