കൊച്ചി: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിൽ ഹൈക്കോടതി നിര്‍ദേശപ്രകാരം പരിശോധനയ്ക്ക് എത്തുന്നത് കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അതേ അമിക്കസ്ക്യൂറി. ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി അമിക്കസ്ക്യൂറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമിക്കസ്ക്യൂറിക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ നല്‍കണം. ഇത് സംസ്ഥാന സര്‍ക്കാരും മുനിസിപ്പൽ കോര്‍പറേഷനും റെയിൽവേയും ചേര്‍ന്ന് ഈ മാസം 19 ന് മുൻപ് നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് പറഞ്ഞ ഹൈക്കോടതി വിശദാംശങ്ങൾ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ കോര്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. വർഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്റെ കറുത്ത നിറത്തിന്റെ കാരണം.
ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ്ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. മാലിന്യം തള്ളാതിരിക്കാനുള്ള നിർമ്മിതികൾ നടത്തിയിരുന്നുവെന്ന് റെയിൽവേ ഇന്ന് കേസ് പരിഗണിച്ചപ്പോൾ വാദിച്ചു. റെയിൽവേയുടെ സ്ഥലത്തിന് പുറത്തും മാലിന്യം നിറഞ്ഞ് കടക്കുന്ന അവസ്ഥയാണെന്നും റെയിൽവെ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സ്ഥലം സന്ദര്‍ശിക്കാൻ അമിക്കസ്ക്യൂറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ബ്രഹ്മപുരം കേസ് പരിഗണിച്ച ബെഞ്ച് പിന്നീട് സംസ്ഥാനത്തെ പൊതുവായ മാലിന്യപ്രശ്നങ്ങളും പരിശോധിച്ചിരുന്നു.