അമ്മമാരെ തെരുവിലിറക്കിയവർ നന്നാകില്ല, പിണറായി ഒന്നോർത്തിരിക്കുന്നത് നന്നായിരിക്കും -രാഹുൽ മാങ്കൂട്ടത്തിൽ

news image
Nov 1, 2025, 2:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: അമ്മമാർ തോൽക്കില്ലെന്നും അതിനാൽ ആശാമാരും തോൽക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. തിരുവനന്തപുരത്ത് ആശവർക്കർമാരുടെ സമര പ്രതിജ്ഞ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരെ തെരുവിലിറക്കിയവർ നന്നാകില്ലെന്നും രാഹുൽ പറഞ്ഞു.

‘കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഈ അമ്മമാരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കിയത് കൊണ്ടാണ് ആയിരം രൂപ വർധിപ്പിക്കാൻ തീരുമാനിച്ചത്. അമ്മമാരെ തെരുവിലേക്ക് തള്ളിവിട്ടവർ ആരായലും അവർ ഗതി പിടിച്ച ചരിത്രം ഇതിഹാസത്തിലില്ല, പുരാണത്തിലില്ല, ചരിത്രത്തിലില്ല, വർത്തമാനത്തിലും ഉണ്ടാകാൻ പോകുന്നില്ല. ഇക്കാര്യം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ഒന്നോർത്തിരിക്കുന്നത് നന്നായിരിക്കും. ഈ സമരത്തിൽ പങ്കെടുത്ത എല്ലാ അമ്മമാർക്കും എന്റെ ചക്കരയുമ്മകൾ’ -രാഹുൽ പറഞ്ഞു.

അതിനിടെ, സമര പ്രതിജ്ഞ റാലിയുടെ ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രാഹുൽ വേദിയിൽ നിന്ന് മടങ്ങും വരെ കാത്തിരുന്ന ശേഷമാണ് സ്ഥലത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആശവർക്കർമാരുടെ സമരവേദിയിൽനിന്ന് പോയാലേ ചടങ്ങിനെത്തൂവെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായാണ് വിവരം. തുടർന്ന് രാഹുൽ മടങ്ങുകയും പ്രതിപക്ഷനേതാവ് ചടങ്ങിലെത്തി ആശവർക്കർമാരുടെ സമര പ്രതിജ്ഞ റാലി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. വി.ഡി. സതീശൻ മടങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമരവേദിയിലെത്തുകയും ചെയ്തു.

എന്നാൽ, സംഭവം രാഹുൽ നിഷേധിച്ചു. ‘ഞാനിവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ പ്രതിപക്ഷ നേതാവ് ഇങ്ങോട്ട് തിരിച്ചത്. അദ്ദേഹം ഇവിടെ ഉദ്ഘാടകനാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ ഞാനിവിടെ വന്നത്. നിങ്ങൾ അദ്ദേഹത്തെ വില കുറച്ചുകാണാൻ നിൽക്കണ്ട. ഈ സമരത്തെ പറ്റി ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്’ -എന്നായിരുന്നു രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമര പ്രതിജ്ഞ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇന്ന് സമാപനമാകുന്നത്. സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആശാ വർക്കർമാർ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe