അമ്മയും കുഞ്ഞിന്‍റെയും മരണം: ‘ചികിത്സാപിഴവില്ല’, അറസ്റ്റ് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുമെന്ന് ഐഎംഎ

news image
Oct 5, 2022, 5:05 am GMT+0000 payyolionline.in

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുട‍ര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഐ എം എ. ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കും. ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഐ എം എ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു പറഞ്ഞു.

അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ തങ്കം ആശുപത്രിയിലെ ഡോക്ടർമാർക്ക് പിഴവുണ്ടായെന്ന് ഇന്നലെയാണ് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് മൂന്ന് ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു . കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചു വരുത്തും. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർക്ക് പൂർണ പിന്തുണയുമായി ഐഎംഎ രം​ഗത്തെത്തിയത്.

ചികിത്സാപിഴവ് പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തങ്കം ആശുപത്രിയിലെ ഗൈനക്കോളേജിസ്റ്റുകളായ, ഡോ.പ്രിയദർശനി, ഡോ.നിള, ഡോ.അജിത് എന്നിവരെ പലക്കാട് ടൌൺ സൌത്ത് പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം  മൂന്ന് ഡോക്ടർമാരെ വിട്ടയച്ചെങ്കിലും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തും. ഈ വർഷം ജൂലൈ മൂന്നിനാണ് നവജാത ശിശുമരിച്ചത്. തൊട്ടടുത്ത ദിവസം അമ്മ ഐശ്വര്യയും മരിച്ചു. ബന്ധുക്കൾ അടക്കം വ്യാപക പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് കേസ് എടുക്കലും, മെഡിക്കൽ ബോർഡ് രൂപീകരണവുമൊക്കെ ഉണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe