അമ്മയെ ക്ഷേത്ര ശ്മശാനത്തിൽ അടക്കി, എല്ലാത്തിനും മൂകസാക്ഷിയായി ശ്രുതി; സബിതയെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിൽ

news image
Sep 19, 2024, 2:56 pm GMT+0000 payyolionline.in

കൽപ്പറ്റ: കേരളത്തിന്‍റെ നോവായി മാറിയ ശ്രുതിയുടെ അമ്മ സബിതയെ മേപ്പാടി മാരിയമ്മൻ ക്ഷേത്ര ശ്മശാനത്തില്‍ സംസ്കരിച്ചു. ഡിഎൻഎ ടെസ്റ്റിലൂടെയാണ് ശ്രുതിയുടെ അമ്മയെ തിരിച്ചറിഞ്ഞത്. അച്ഛനും സഹോദരിയും അമ്മയുടെ അമ്മയും ഉള്‍പ്പെടെ ശ്രുതിയുടെ കുടുംബാഗങ്ങളായ 9 പേര്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. പിന്നാലെ പ്രതിശ്രുത വരൻ ജെൻസണ്‍ വാഹനാപകടത്തിലും മരിച്ചത് ശ്രുതിക്ക് വലിയ ആഘാതമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതി അമ്മയെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് എംഎല്‍എ ടി സിദ്ധിഖിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നത്. പുത്തുമലയില്‍ സി192 എന്ന് രേഖപ്പെടുത്തിയ കുഴിമാടത്തിലായിരുന്നു ശ്രുതിയുടെ അമ്മയെ സംസ്കരിച്ചിരുന്നത്.

ഇവിടെ നിന്ന് വൈറ്റ്ഗാര്‍ഡ് മൃതദേഹം പുറത്തെടുത്ത് സംസ്കാരത്തിനെത്തിക്കുകയായിരുന്നു. നേരത്തെ ജെൻസണും ശ്രുതിയും പുത്തുമലയില്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നു. പുത്തുമലയില്‍ എത്തിയ ജെൻസന്‍റെ പിതാവിന്‍റെ കാഴ്ചയും ഉള്ളുലക്കുന്നതായിരുന്നു. ചികിത്സയില്‍ കഴിയുന്ന ശ്രുതിയെ ആംബുലൻസിലാണ് സംസ്കാരം നടക്കുന്ന മാരിയമ്മൻ ക്ഷേത്രത്തില്‍ എത്തിച്ചത്. ശ്രുതിയുടെ അച്ഛൻ ശിവണ്ണനെയും സഹോദരി ശ്രേയയേയും ഇവിടെ തന്നെയാണ് സംസ്കരിച്ചിരുന്നത്. ഐവർ മഠവും സേവഭാരതിയും സംസ്കാരത്തിന് നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe