അയക്കൂറ മീന്‍ കിട്ടിയില്ല, ഹോട്ടല്‍ അടിച്ചുതകര്‍ത്തു; സംഭവം കോഴിക്കോട് നന്മണ്ടയില്‍

news image
Nov 15, 2025, 4:35 pm GMT+0000 payyolionline.in

കോഴിക്കോട്: ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണം. അയക്കൂറ കിട്ടാത്തതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്തു. ജീവനക്കാരെയും മര്‍ദിച്ചു. ബാലുശ്ശേരി നന്മണ്ടയിലെ ‘ഫോര്‍ട്ടീന്‍സ്’ ഹോട്ടലില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.ഒരു പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് ഹോട്ടലില്‍ 40 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മീന്‍കറിയടക്കമുള്ള ഊണ് തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. തുടര്‍ന്ന് ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറ ആവശ്യപ്പെട്ടത്. അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചു. ഇതോടെയാണ് അയക്കൂറ കിട്ടാത്തതിനാല്‍ സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഇവര്‍ ബഹളംവെയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഘര്‍ഷമുണ്ടാക്കിയ സംഘം ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ അഞ്ച് ജീവനക്കാരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഹോട്ടലുടമയുടെ പരാതിയില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു. ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe