അയോഗ്യനാക്കപ്പെടുമെന്ന് കരുതിയില്ല, പക്ഷേ അതിലൂടെ ലഭിച്ചത് വലിയ അവസരം: രാഹുൽ ഗാന്ധി

news image
Jun 1, 2023, 3:27 pm GMT+0000 payyolionline.in

കലിഫോർണിയ∙ ലോക്സഭയിൽ നിന്നും താൻ അയോഗ്യനാക്കപ്പെടുമെന്നു കരുതിയിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ അയോഗ്യനാക്കപ്പെട്ടതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്കു ലഭിച്ചതായി രാഹുൽ വിശദീകരിച്ചു. കലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ക്യാംപസിലെ ഇന്ത്യൻ വിദ്യാർഥികളുമായി സംവദിക്കവേയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പത്തു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് രാഹുൽ ഗാന്ധി യുഎസിൽ എത്തിയത്.

‘‘2000ത്തിലായിരുന്നു എന്റെ രാഷ്ട്രീയ പ്രവേശം. ഞാൻ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് അന്നു ചിന്തിച്ചിരുന്നില്ല. പക്ഷേ അയോഗ്യനാക്കപ്പെട്ടതോടെ എനിക്ക് വലിയൊരു അവസരം ലഭിച്ചു. രാഷ്ട്രീയത്തിലെ കാര്യങ്ങൾ ഇങ്ങനെയാണ്’ – ഇതായിരുന്നു ലോക്സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യ‌നാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രാഹുലിന്റെ പ്രതികരണം.

ഭാരത് ജോഡോ യാത്രയെക്കുറിച്ചും രാഹുൽ വിദ്യാർഥികളുമായി സംസാരിച്ചു. രാജ്യത്ത് ജനാധിപത്യപരമായ പോരാട്ടം നടത്താൻ പ്രതിപക്ഷത്തിനു കഴിയാത്ത അവസ്ഥയായിരുന്നു. ആറു മാസങ്ങൾക്കു മുമ്പാണ് ‘നാടകം’ ആരംഭിച്ചത്. പ്രതിപക്ഷം രാജ്യത്ത് പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടു പോകാമെന്നു തീരുമാനിച്ചതെന്ന് രാഹുൽ വെളിപ്പെടുത്തി.

‘‘ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ ഇവിടെയുണ്ട്. അവരുമായി ബന്ധം സ്ഥാപിക്കാനും സംസാരിക്കാനും എനിക്കു താൽപ്പര്യമുണ്ട്. അതെന്റെ കടമയുമാണ്. ‌ഇത്തരം വിദേശയാത്രകളിൽ ഞാൻ ആരുടെയും പിന്തുണ തേടാറില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇവിടെ വരാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല.’ – രാഹുൽ ഗാന്ധി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe