തിരുവനന്തപുരം > ഒളിഞ്ഞിരുന്നും നേർക്കുനേരെയും അയ്യൻകാളി സ്‌മരണയെ അവഹേളിക്കാൻ ശ്രമിക്കുന്ന ഒരാളെയും സർക്കാർ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അയ്യൻകാളിയുടെ സ്മരണയെ അപകീർത്തിപ്പെടുത്തുന്നത് കേരളത്തിന്റെ ഭൂതകാല പോരാട്ടങ്ങൾക്കു നേരെ ചെളിവാരിയെറിയൽ തന്നെയാണ. അത്തരം ഒരു നീക്കവും അനുവദിക്കാനാവില്ല. അത്തരം കേസുകളുടെ അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാത്മ അയ്യൻകാളി കൊളുത്തിയ പോരാട്ടത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവരാണ് പുതുതലമുറ. ആ തലമുറയ്‌ക്കൊപ്പമാണ് ഈ സർക്കാർ. മഹാത്മ അയ്യൻകാളിയെ സമൂഹമാധ്യമത്തിൽ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 153 പ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ക്രൈം നം. 620/2023 ആയും എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ ക്രൈം നം. 1415/2023 ആയി പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്.
ഇതിനിടെ ഐതിഹാസികമായ ‘വില്ലുവണ്ടിസമര’ത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ മോശം തലക്കെട്ടോടെയും ചിത്രത്തോടെയും കൂടി സമൂഹമാധ്യമത്തിൽ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചതിൽ പോസ്റ്റുവന്ന ഗ്രൂപ്പിന്റെ അതേ പേരിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് അധികാരികൾക്ക് നോട്ടീസ് നൽകി, ഗ്രൂപ്പ് ബ്ലോക്ക് ചെയ്യുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ആശയവിനിമയങ്ങൾ നിർത്തിവയ്പ്പിച്ച് ഗ്രൂപ്പിലെ അംഗങ്ങളെയും അഡ്‌മിന്മാരെയും കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസുകളിൽ ഊർജ്ജിത അന്വേഷണം നടത്തിവരുന്നു.
കേരളത്തിന്റെ നവോത്ഥാന നായകനായ മഹാത്മ അയ്യൻകാളി ഒരു ജനതയെ അടിച്ചമർത്തലിന്റെയും അയിത്തത്തിന്റെയും ദുരവസ്ഥയിൽ നിന്ന് കൈപിടിച്ചുയർത്തിയ ധീരാത്മാവാണ്. അയ്യൻകാളിയുടെ സ്മരണ കൂടുതൽ കൂടുതൽ തിളങ്ങിനിൽക്കണമെന്ന താത്പര്യത്തോടെയാണ് ഈ സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നത്. തലസ്ഥാനത്തിന്റെ തിലകക്കുറിയായ പഴയ വി ജെ ടി ഹാളിന് അയ്യൻകാളിയുടെ നാമധേയം നൽകിയതുൾപ്പെടെ നിരവധി ഇടപെടലുകൾ ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.