2026 ലോകകപ്പിലെ ആദ്യ മത്സരം പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നഷ്ടമായേക്കും. അയർലാൻഡിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചതാണ് റൊണാൾഡോക്ക് തിരിച്ചടിയായത്. മത്സരത്തിൽ 2-0ത്തിന് പോർച്ചുഗൽ തോറ്റിരുന്നു.
61ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോക്ക് റെഡ് കാർഡ് ലഭിച്ചത്. അയർലാൻഡ് ഡിഫൻഡർ ദാര ഒഷേഹ തള്ളിയിട്ടതിനായിരുന്നു റെഡ്കാർഡ്. ആദ്യം റഫറി മഞ്ഞകാർഡാണ് നൽകിയതെങ്കിലും വാർ പരിശോധനക്കൊടുവിൽ ഇത് റെഡ്കാർഡാക്കുകയായിരുന്നു. ദേശീയ ടീമിനായി കളിച്ചിട്ട് ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ റൊണോൾഡോക്ക് ചുവപ്പുകാർഡ് ലഭിക്കുന്നത്. ക്ലബ് മത്സരങ്ങളിൽ 13 തവണ സൂപ്പർ താരത്തിന് റെഡ് കാർഡ് ലഭിച്ചിട്ടുണ്ട്.
ചുവപ്പ് കാർഡ് ലഭിച്ചതോടെ അർമേനിയക്കെതിരായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരം താരത്തിന് നഷ്ടമാകും. ഇതിനൊപ്പം ലോകകപ്പിലെ ആദ്യമത്സരം കൂടി പോർച്ചുഗൽ സൂപ്പർതാരത്തിന് നഷ്ടമാവുമെന്നാണ് സൂചന. ഫിഫയുടെ നിയമം അനുസരിച്ച് മൂന്ന് മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് വിലക്ക് ലഭിച്ചേക്കും.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പിൽ എഫിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 11 പോയിന്റോടെ പോർച്ചുഗല്ലാണ് ഒന്നാമത്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി ഒമ്പത് പോയിന്റോടെ ഹംഗറിയാണ് രണ്ടാമത്. അയർലാൻഡിനെതിരെ ജയിച്ചിരുന്നുവെങ്കിൽ പോർച്ചുഗല്ലിന് ലോകകപ്പ് യോഗ്യത നേടാമായിരുന്നു.
അതേസമയം, മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് അയർലൻഡ് പോർച്ചുഗലിനെ തോൽപ്പിച്ചത്. 17, 45 മിനിറ്റുകളിലായിരുന്നു അയർലാൻഡിന്റെ ഗോളുകൾ. ട്രോയ് പാരറ്റാണ് ടീമിനായി ഇരുഗോളുകളും നേടിയത്. പന്തടക്കവും ഗോളിനായിള്ള ഷോർട്ടുകളുടെ എണ്ണത്തിലുമെല്ലാം പോർച്ചുഗൽ മുന്നിട്ടു നിന്നെങ്കിലും ഗോൾ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല.
