ദില്ലി: ദില്ലി മദ്യ നയക്കേസിൽ സിബിഐ അറസ്റ്റു ചെയ്ത അരവിന്ദ് കേജ്രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്. കെജ്രിവാളിനെ അടുത്ത മാസം 12 വരെ ദില്ലിയിലെ റൗസ് അവന്യു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ മൂന്ന് ദിവസം കെജ്രിവാളിനെ ദില്ലിയിൽ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു.
കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന നിലപാടാണ് സിബിഐയും സ്വീകരിച്ചത്.ജഡ്ജി സുനേന ശർമ്മ ഈയാവശ്യം അംഗീകരിച്ചു. നേരത്തെ ഇഡി കേസിൽ കെജ്രിവാളിന് ജാമ്യം കിട്ടിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയതിരുന്നു. ഇതിനു ശേഷമാണ് സിബിഐയും കെജ്രിവാളിനെ അറസ്റ്റു ചെയ്തത്. കെജ്രിവാളിനെ കേന്ദ്ര ഏജൻസികൾ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി ഇന്ന് ബിജെപി ആസ്ഥാനത്തേക്ക് പ്രകടനം നടത്തി.