അരിക്കൊമ്പനെ കേരളത്തിന് കൈമാറണം, സുരക്ഷ ഉറപ്പാക്കണം; ഹൈകോടതിയിൽ ഹരജിയുമായി സാബു എം. ജേക്കബ്

news image
May 30, 2023, 10:07 am GMT+0000 payyolionline.in

കൊച്ചി: തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ആവശ്യവുമായി ഹൈകോടതിയിൽ ഹരജി സമർപ്പിച്ച് ട്വന്റി ട്വന്റി ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ ചികിത്സ നൽകണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണം എന്നിങ്ങനെയാണ് ഹരജിയിലെ ആവശ്യം. വിഷയത്തിൽ കേന്ദ്രസർക്കാറിനൊപ്പം തമിഴ്നാട് സർക്കാറിനെയും എതിർ കക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

അതേസമയം, അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിന്റെ ജലസംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്ന വിവരത്തിന് പിന്നാലെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ വനത്തിന് പുറത്തിറങ്ങിയാൽ മാത്രം വെടിവെക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വനം വകുപ്പ് ജീവനക്കാർ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. മൂന്ന് കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നു​ണ്ട്.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിന്‍റെ മൂന്നാംദിനമാണിന്ന്. ഇന്നലെ കമ്പത്തിന് സമീപം കൂത്തനാച്ചിയാർ വനമേഖലയിലൂടെയായിരുന്നു ആനയുടെ സഞ്ചാരം. രാവിലെ ജനവാസമേഖലക്ക് അരികിലെത്തിയെങ്കിലും പിന്നീട് പുറത്തേക്ക് വന്നില്ല. കമ്പം മേഖലയിൽ ഇന്ന് വരെ നിരോധനാജ്ഞ നിലവിലുണ്ട്.

അതിനിടെ, ശനിയാഴ്ച അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചിരുന്നു. കമ്പം സ്വദേശി പാൽരാജാണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിൽ വരികയായിരുന്ന പാൽരാജിനെ അരിക്കൊമ്പൻ തട്ടിവീഴ്ത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷയുൾപ്പെടെ വാഹനങ്ങൾ തകർത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe