അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ; സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ

news image
May 26, 2023, 12:58 pm GMT+0000 payyolionline.in

കുമളി: അരിക്കൊമ്പൻ പഴയ തട്ടകമായ ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി പുതിയ വിവരങ്ങൾ പുറത്ത്. കേരള അതിർത്തി വിട്ട് അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലേക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു. കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാംപ് പവർ ഹൗസിനു സമീപം വനത്തിലെത്തിയതായാണ് ജിപിആർഎസ് സിഗ്ന‌ലുകൾ നൽകുന്ന സൂചന. നിലവിലുള്ള സ്ഥലത്തുനിന്ന് അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്കു പോകാനാകുമെന്നാണ് വിവരം.

അരിക്കൊമ്പന്റെ ഇപ്പോഴത്തെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിലാണ്. ഇപ്പോഴത്തെ സഞ്ചാരപാതയിൽ തുടർന്നാൽ അരിക്കൊമ്പന് ചിന്നക്കനാലിൽ എത്തിച്ചേരാനാകുമെന്നതാണ് ആശങ്ക കൂട്ടുന്നത്. കൊട്ടാരക്കാര – ഡിണ്ടിഗൽ ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്റെ നീക്കം. മതികെട്ടാൻചോല ഇറങ്ങിയാൽ അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്കു പോകാനാകും. ഈ സാഹചര്യത്തിൽ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്.

ഇന്നലെ രാത്രി മുതൽ ഇന്നു രാവിലെ വരെ തേക്കടി വനമേഖലയുടെ പരിസരത്തായിരുന്നു അരിക്കൊമ്പന്റെ സ്ഥാനം. ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്ത് എത്തിയതിനെ തുടർന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്കു തന്നെ തുരത്തുകയായിരുന്നു. ജിപിഎസ് സിഗ്നലുകളില്‍ നിന്നാണ് അരിക്കൊമ്പന്‍റെ സാന്നിധ്യം മനസിലാക്കിയത്.

ഇന്നലെ രാത്രി പതിനൊന്നു മണിക്കു ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. പിന്നീട് വനപാലകർ ആനയെ കാട്ടിലേക്കു തന്നെ തുരത്തി. സ്ഥലം മനസ്സിലാക്കിയതിനാൽ അരിക്കൊമ്പൻ ഇനിയും ഇവിടെക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ

മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം അരിക്കൊമ്പൻ കുമളിക്ക് സമീപം വരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe