പൊതുവിപണി വിൽപ്പന പദ്ധതി (ഒഎംഎസ്എസ്) വഴി സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന അരി വാങ്ങുന്നതിൽനിന്ന് സപ്ലൈകോയയെയും കൺസ്യൂമർഫെഡിനെയും കേന്ദ്രം വിലക്കിയിരുന്നു. കേരളത്തിൽ അരിക്ഷാമമുള്ളതിനാൽ ഈ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിനാണ് കേന്ദ്രത്തിന്റെ മറുപടി.
അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഒഎംഎസ്എസ് അനുവദിക്കൂവെന്നും കേരളത്തിന് ആവശ്യമായ അരി നൽകുന്നുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം. തെരഞ്ഞെടുപ്പുകാലത്ത് അരി വിലക്കി സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്ര ലക്ഷ്യം. സർക്കാർ ഏജൻസി എന്ന നിലയിൽ സപ്ലൈകോ നവംബർവരെ ടെൻഡറിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ 94 ലക്ഷം റേഷൻ കാർഡുകളിൽ 52.76 ലക്ഷം മുൻഗണനാ കാർഡാണ്.
കേന്ദ്രം ഒരുവർഷം അനുവദിക്കുന്ന 14.25 ലക്ഷം ടൺ റേഷൻ ഭക്ഷ്യധാന്യത്തിൽ 10.26 ലക്ഷം ടണ്ണും 43 ശതമാനം വരുന്ന മുൻഗണനാ വിഭാഗത്തിനും. ബാക്കിവരുന്ന 3.99 ലക്ഷം ടൺ, 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് തികയില്ല. ഉത്സവസീസണിൽ കൂടുതൽ അരി നൽകുന്നതിനും ഇത് തടസ്സമാണ്. 16.25 ലക്ഷം ടൺ ഭക്ഷ്യധാന്യം കേരളത്തിന് കിട്ടിക്കൊണ്ടിരുന്നത് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയശേഷം 14.25 ലക്ഷം ടൺ ആയി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് എഫ്‌സിഐയിൽനിന്ന് ഒഎംഎസ്‌എസ് വഴി ലേലത്തിൽ പങ്കെടുത്ത് 29 രൂപ നിരക്കിൽ അരി വാങ്ങി 23ഉം 24 ഉം രൂപയ്‌ക്ക് സംസ്ഥാനം വിതരണം ചെയ്‌തിരുന്നത്.