അര്‍ജുന്‍റെ ലോറി കണ്ടെത്തിയത് 71-ാം ദിനം; കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിന്‍

news image
Sep 25, 2024, 10:50 am GMT+0000 payyolionline.in

ബെംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തിത് 71-ാം ദിനം. ലോറിയുടെ ക്യാബിനാണ് ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തത്. കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹ ഭാഗം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ഈ സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു.

അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയാവുമ്പോഴാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലില്‍ ലോറിയുടെ ക്യാബിന്‍ പുറത്തെടുക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം അർജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്ത് ഉണ്ടായിരുന്നു. പുറത്തെടുത്തത് അര്‍ജുന്‍റെ ലോറി തന്നെയാണെന്ന് ജിതിനും വാഹനത്തിന്‍റെ ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഷിരൂര്‍ ഇന്ന് സാക്ഷിയായത്. വിതുമ്പലോടെയാണ് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്. അർജുൻ തിരികെ വരില്ലെന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ എന്തെങ്കിലും അവശേഷിപ്പി കണ്ടെത്തും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ വിവാദങ്ങൾക്കുമുള്ള ഉത്തരമെന്ന് ഇപ്പോള്‍ ഉണ്ടായതെന്ന് ജിതിൻ കൂട്ടിച്ചേര്‍ത്തു.

എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് കാബിനുള്ളിൽ ഉണ്ടായിരുന്ന മൃതദേഹ ഭാഗം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ് ഉള്ളത്. സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.

 

ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ജൂലൈ 23 ന് റഡാർ, സോണാർ സിഗ്നലുകളിൽ ലോറിയുടേത് എന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്‍റെ ശക്തമായ സിഗ്നലുകൾ കിട്ടി. നദിയുടെ നടുവിൽ മൺകൂനയ്ക്ക് അടുത്ത് സിപി 4 മാർക്ക് ചെയ്തു. ജൂലൈ 28 ന് ശക്തമായ മഴയും ഒഴുക്കും കാരണം തെരച്ചിൽ നിർത്തിവയ്ക്കണ്ടി വന്നു. ഓഗസ്റ്റ് 14 ന് രണ്ടാം ഘട്ട തെരച്ചിൽ തുടങ്ങി.

ഓഗസ്റ്റ് 17 ന് ശക്തമായ മഴയും അടിയൊഴുക്കും കാരണം തെരച്ചിൽ തുടരാനായില്ല. ഡ്രഡ്ജർ കേരളത്തിൽ നിന്ന് കൊണ്ടുവരാനുള്ള ശ്രമവും നടക്കില്ലെന്നുറപ്പായി. ഈശ്വർ മാൽപെ അടക്കമുള്ളവരും ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും തെരച്ചിലിനിറങ്ങിയെങ്കിലും നദിയുടെ അടിത്തട്ടിൽ മരങ്ങളും പാറക്കെട്ടുകളും വന്നടിഞ്ഞ സ്ഥിതിയിലായതിനാലും ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാലും അധികം ആഴത്തിലേക്ക് പോകാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe