അര്‍മേനിയയിൽ മലയാളിയെ ബന്ദിയാക്കി, മോചനദ്രവ്യം ആവശ്യപ്പെട്ടു; രക്ഷിക്കണമെന്ന് കുടുംബം

news image
Jun 17, 2024, 2:03 pm GMT+0000 payyolionline.in

തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അർമേനിയയിൽ ബന്ദിയാക്കിയതായി വിവരം. മോചനദ്രവ്യമായി വീട്ടുകാർ ഒന്നരലക്ഷം നൽകി. നാളെ ഉച്ചയ്ക്ക് 12.30 യ്ക്ക് മുൻപ് 2.5 ലക്ഷം നൽകിയില്ലെങ്കിൽ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നോർക്കയ്ക്കും അമ്മ ഗീത പരാതി നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ പ്രതികരിച്ചു.

സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റൽ നടത്തുന്ന ജോലിക്കാണ് വിഷ്ണു അർമേനിയയിൽ എത്തിയത്. ഇതിനായി എട്ടര ലക്ഷത്തോളം രൂപ ചെലവായിരുന്നു. എന്നാൽ ഹോസ്റ്റൽ വിഷ്ണുവിനെ ഏൽപ്പിച്ച് കുറച്ച് നാളുകൾക്ക് ശേഷം സുഹൃത്തുക്കൾ ഇവിടെ നിന്നും പോയി. ഹോസ്റ്റലിൽ താമസക്കാരുടെ എണ്ണം കുറഞ്ഞതോടെ വരുമാനം കുറഞ്ഞതിനാലായിരുന്നു ഇത്. ഹോസ്റ്റലിന്റെ ഉടമസ്ഥനാണ് വിഷ്ണുവിനെ ബന്ദിയാക്കിയിരിക്കുന്നതെന്ന് അമ്മ ഗീത പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ചോദിക്കുന്നത്. ഹോസ്റ്റൽ നടത്തിപ്പിന് ഏറ്റെടുത്ത വകയിൽ കിട്ടാനുള്ള പണത്തിന് വേണ്ടിയാണ് ഇതെന്നാണ് വിവരം. വ്യാപാരത്തിൽ ഉണ്ടായ നഷ്ടം ചോദിച്ച് വിഷ്ണുവിന്റെ കൂട്ടുകാരും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് അമ്മ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe