അറബിക്കടലിൽ കടൽകൊള്ളക്കാരിൽ നിന്നും മോചിപ്പിച്ച കപ്പൽ ; നാവിക സേനയ്ക്ക് നന്ദിയറിയിച്ച് ജീവനക്കാർ

news image
Jan 6, 2024, 7:35 am GMT+0000 payyolionline.in

ദില്ലി : അറബികടലിൽ കടൽകൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പൽ യാത്രാസജ്ജമാക്കാനുള്ള നടപടി തുടരുന്നുവെന്ന് നാവിക സേന. കപ്പൽ മോചിപ്പിച്ച നാവികസേനയ്ക്ക് ഇന്ത്യക്കാരടക്കമുള്ള ജീവനക്കാർ നന്ദി അറിയിച്ചു. കടൽകൊള്ളക്കാരെ നേരിടാൻ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയെന്ന് സേന വ്യക്തമാക്കി.

24 മണിക്കൂർ നീണ്ടു നിന്ന ഓപ്പറേഷനിലൂടെയാണ് ഇന്നലെ ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പൽ നാവിക സേന മോചിപ്പിച്ചത്. കപ്പലിലെ 21 ജീവനക്കാരിൽ 15 പേർ ഇന്ത്യക്കാരാണ്. ബാക്കി ആറു പേ‍ർ ഫിലിപ്പിനോകളാണ്.ഡ്രോൺ ഉപയോഗിച്ച് നാവിക സേന ആസ്ഥാനത്തും കപ്പലിലെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു.യുദ്ധകപ്പലായ ഐഎൻഎസ് ചെന്നൈയിൽ നിന്നുള്ള കമാൻഡോകൾ കപ്പലിൽ കയറും മുമ്പ് കടൽകൊള്ളക്കാർ രക്ഷപ്പെട്ടിരുന്നു. തുടർച്ചയായ മുന്നറിയിപ്പിനെ തുടർന്ന് കൊള്ളക്കാർ കപ്പൽ വിട്ടു പോയതാണെന്ന് നാവിക സേന വിശദീകരിക്കുന്നു.സുരക്ഷിത കാബിനിനുള്ളിലാണ് ജീവനക്കാർ ഉണ്ടായിരുന്നത്. കപ്പലിൻറെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള സഹായം നാവിക സേന നല്കുന്നുണ്ട്. ഇതിനു ശേഷം തീരത്തേത്ത് നാവിക സേന ചരക്കു കപ്പലിനെ അനുഗമിക്കും.

സംഭവത്തിൻറെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രാലയം സ്ഥിതി വിലയിരുത്തി. നാവിക സേന മേധാവി അഡ്മിറൽ ആർ ഹരികുമാർ മന്ത്രി രാജ്നാഥ് സിംഗിന് വിവരങ്ങൾ കൈമാറി.ശക്തമായ നടപടി കൊള്ളക്കാർക്കെതിരെ സ്വീകരിക്കാൻ അഡ്മിറൽ ആ ഹരികുമാർ യുദ്ധകപ്പലുകൾക്ക് നിർദ്ദേശം നല്കി.സംശയം തോന്നുന്ന കപ്പലുകളിൽ പരിശോധന തുടരുന്നതായി നാവിക സേന അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe