അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കൾ ഉൾപ്പെടെയുള്ള കണ്ടെയ്നറുകൾ കടലിൽ പതിച്ച സംഭവത്തിന് പിന്നാലെ കടൽ ജലത്തിന്റെ ഉൾപ്പടെ സാമ്പിൾ ശേഖരിച്ചതായി കേരള യൂണിവേഴ്സ്റ്റിയിലെ അക്വാട്ടിക് ആന്റ് ഫിഷറീസ് വകുപ്പിന്റെ എച്ച്ഒഡി ഡോ. എസ്.എം.റാഫി. നിലവിൽ കടൽ മത്സ്യം കഴിക്കുന്നതിന് പ്രശ്നമില്ല. കടൽ മത്സ്യം കഴിക്കരുതെന്ന് പ്രചരണത്തിന് പിന്നിൽ തമിഴ്നാട് ലോബിയാണ്.
അതേസമയം കടലിൽ വീണ ചില വസ്തുക്കൾ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കാം. എന്നാൽ നിലവിൽ ആശങ്ക വേണ്ടെന്നും ഡോ. എസ്.എം.റാഫി പറഞ്ഞു. അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന എന്തെങ്കിലും തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73ൽ ഒന്നും തന്നെ ഇല്ല. 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ ആണ്. ഇവയിൽ ചിലതിൽ കാത്സ്യം കാർബൈഡ് എന്ന, വെള്ളം ചേർന്നാൽ തീ പിടിക്കാവുന്ന അസറ്റ്ലീൻ ഗ്യാസ് പുറപ്പെടുവിക്കുന്ന, പൊള്ളൽ തരത്തിൽ ഉള്ള രാസ വസ്തുവും ഉണ്ട്. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എൽസ 3 എന്ന കപ്പല്‍ മുങ്ങിയത്. ഏകദേശം 100ഓളം കണ്‍ടെയ്‌നറുകൾ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്. കടലിൽ വീണ കണ്ടെയ്നറുകൾ ഏകദേശം 3 കിലോ മീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. അവയിൽ ചിലതാണ് തീരത്ത് അടിഞ്ഞത്.