അറസ്റ്റിന് ഇ.ഡി, സോറൻ സ്ഥാനമൊഴിഞ്ഞേക്കും; നിരോധനാജ്ഞ, എംഎൽഎമാരെ മാറ്റാൻ ബസുകൾ

news image
Jan 31, 2024, 3:26 pm GMT+0000 payyolionline.in

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്യുമെന്ന് സൂചന. സോറന്റെ വീട്ടിൽ ഇ.ഡിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റിനു മുൻപ് സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സാധ്യതയുണ്ട്.

രാത്രി 9 മണിയോടെ എംഎൽഎമാർ ഗവർണറെ കാണും. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഹേമന്ത് സോറന്റെ വീട്ടിലെത്തിയതായാണ് വിവരം. മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇ.ഡി ഓഫിസിനു സമീപം 100 മീറ്റര്‍ പരിധിയിലും നിരോധനാജ്ഞയാണ്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎൽഎമാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനും ശ്രമം തുടങ്ങി. രണ്ടു ബസുകളിലായി എംഎൽഎമാരെ മാറ്റിയേക്കും.

അതേസമയം, സോറന്റെ അറസ്റ്റിനെ നേരിടാൻ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ജാർഖണ്ഡ് പൊലീസ് കേസെടുത്തു. എസ്‍സി / എസ്‌ടി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ധുർവ സ്റ്റേഷനിൽ മുഖ്യമന്ത്രി സോറന്റെ പരാതി ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെ‌തിരെ എഫ്ഐആർ‌ റജിസ്റ്റർ ചെയ്തതെന്നു റാഞ്ചി പൊലീസ് പറഞ്ഞു. റാഞ്ചിയിൽ സോറന്റെ വീടിനു മുന്നിൽ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചും ഇ.ഡിക്ക് എതിരെ പ്രതിഷേധിച്ചും ജെഎംഎം എംഎൽഎമാർ തടിച്ചുകൂടിയിരുന്നു. പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷ ശക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ജനുവരി 20ന് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യ 8 സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20നു ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിലൊടുവിൽ സോറൻ റാഞ്ചിയിൽ എത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe