അലറി വിളിച്ച് പറഞ്ഞിട്ടും ശരീരത്തിലൂടെ കാർ കയറ്റി; അജ്മലും വനിത ഡോക്ടറും മദ്യലഹരിയിലെന്ന് ദൃക്സാക്ഷികൾ

news image
Sep 16, 2024, 6:00 am GMT+0000 payyolionline.in

കൊല്ലം: സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട് കാർ കയറ്റിക്കൊന്ന കേസിൽ പിടിയിലായ അജ്മലും വനിത ഡോക്ടർ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് ക്രൂരസംഭവത്തിന് സാക്ഷികളായ നാട്ടുകാർ. അജ്മലും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടറായ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നാണ് പൊലീസും നൽകുന്ന വിവരം. സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടാക്കിയതെന്നും സൂചനയുണ്ട്. ഇക്കാര്യം വൈദ്യപരിശോധന ഫലം വന്നാൽ മാത്രമേ വ്യക്തമാകൂ.

ഇന്നലെ തിരുവോണ ദിവസം വൈകുന്നേരം 5.45ഓടെ കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന കാർ സ്കൂട്ടർ യാത്രികയെ ഇടിച്ചുവീഴത്തുകയായിരുന്നു. സ്കൂട്ടർ യാത്രികരായ ഫൗസിയയും കുഞ്ഞുമോളും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ പിന്നോട്ടെടുത്ത കാർ വീണ്ടും വേഗത്തിൽ മുന്നോട്ടെടുത്ത് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി. സമീപത്തുണ്ടായിരുന്നവർ വണ്ടി നിർത്താൻ അലറി വിളിച്ച് പറഞ്ഞിട്ടും കേൾക്കാതെയാണ് കാർ കയറ്റിയിറക്കി പാഞ്ഞുപോയത്. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കാറിൽ അജ്മലിനൊപ്പമുണ്ടായിരുന്ന ഡോക്ടർ ശ്രീക്കുട്ടിയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലായത്. ഒളിവിൽ പോയ വെളുത്തമണൽ സ്വദേശി അജ്മലിനെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വലയിലാക്കിയത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന കുഞ്ഞുമോൾ ഇന്നലെ രാത്രിയാണ് മരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe