തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണങ്ങളിലെ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാധ്യമങ്ങളെക്കുറിച്ച് ക്ഷുഭിതനായി മന്ത്രി കെ ബി ഗണേഷ് കുമാർ. അല്പം സ്നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടുദിവസമാണ്. സൗഹൃദവും സ്നേഹവും കാട്ടിയപ്പോൾ തന്റെ തലയിൽ കയറി. ഇനി മാധ്യമങ്ങളോട് സംസാരിക്കില്ലന്നും ഗണേഷ് കുമാർ പറഞ്ഞു. അടുത്തകാലത്ത് മാധ്യമങ്ങളോട് സൗഹൃദം കാട്ടിയത് തെറ്റായിപ്പോയി. ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ?. തന്റെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തലസ്ഥാനത്തെ കെഎസ്ആർടിസി ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.
അതേസമയം ഉദ്ഘാടന ചടങ്ങിൽ വൈകാരികമായി സംസാരിച്ച മന്ത്രി, ഇത് തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്ന് പറഞ്ഞു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ
താൻ രാജിവെക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരോട് താൻ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാൽ എന്നോട് തിരിച്ച് അങ്ങനെയല്ലെന്നും മന്ത്രി പറയുകയുണ്ടായി.
ലാഭകരമായ കോർപ്പറേഷനായി കെഎസ്ആർടിസി മാറി. റെക്കോർഡ് കളക്ഷനാണ് നേടുന്നത്. ക്യാൻസർ രോഗികൾക്ക് ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ ഏർപ്പെടുത്തി. കുട്ടികൾക്ക് കൺസഷൻ അടക്കം ഏർപ്പെടുത്തി. കെഎസ്ആർടിസി കൺട്രോൾ റൂമുകളിൽ മാറ്റമുണ്ടായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിജിറ്റലൈസേഷൻ നടന്നത് കെഎസ്ആർടിസിയിലാണ്. താൻ പറയുന്നതേ ചെയ്യൂ, കള്ള വാഗ്ദാനങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് താൻ വാഗ്ദാനങ്ങൾ നടത്താറില്ല. കെഎസ്ആർടിസിയിൽ
സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം കള്ള വാഗ്ദാനമാണ്. യുഡിഎഫിന്റെ ഗ്യാരൻറി ഗിമ്മിക്കാണെന്നും പാവപ്പെട്ട കെഎസ്ആർടിസിക്കാരന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം കെഎസ്ആർടിസി ആശുപത്രിയിൽ 10 സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുമെന്നും വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് കുറഞ്ഞ ചെലവിൽ ലാബ് ടെസ്റ്റുകൾക്ക് സൗകര്യമുണ്ടാകും. പാവങ്ങൾക്ക് സൗജന്യ ചികിത്സയും സൗജന്യമായി വാഹനത്തിൽ കൊണ്ടുപോവുകയും ഭക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയിൽ മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ചിത്രം പകർത്താൻ ശ്രമിച്ചതോടെ തന്നെ മന്ത്രിയുടെ സഹായികൾ തടഞ്ഞുവെന്നുമുള്ള മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ ആരോപണമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. വിഷയത്തിൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ ഗണേഷ് കുമാർ രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. വിഷയം ഒത്തുതീർപ്പാക്കിയതായി ബിന്ദു മേനോനും അറിയിച്ചിരുന്നു.
