ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിൽ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ പ്രതിയായ നടൻ അല്ലു അർജുൻ ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിലെ 11ാം പ്രതിയാണ് നടൻ. ജാമ്യവ്യവസ്ഥ പ്രകാരമാണ് പൊലീസ് സ്റ്റേഷൻ ഹാജരായത്.
രണ്ടു മാസമോ അല്ലെങ്കിൽ കുറ്റപത്രം സമർപ്പിക്കും വരെയോ എല്ലാ ഞായറാഴ്ചയും സ്റ്റേഷനിൽ എത്തണമെന്നാണ് ജാമ്യവ്യവസ്ഥകളിൽ ഒന്ന്. കേസ് തീർപ്പാക്കുന്നതുവരെ കോടതിയെ അറിയിക്കാതെ താമസ വിലാസം മാറ്റരുതെന്ന് കോടതി നിർദേശം നൽകിയിരുന്നു. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് മറ്റൊരു വ്യവസ്ഥ.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ സിനിമ കാണാനെത്തിയ നടനെ കാണാൻ ആരാധകർ ഒത്തുകൂടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35കാരി മരിച്ചിരുന്നു. അവരുടെ എട്ടു വയസ്സുള്ള മകൻ പരിക്കേറ്റ് ചികിത്സയിലാണ്.