‘അഴിയൂര്‍-വെങ്ങളം റീച്ചിന്‍റെ 8.25 കിലോമീറ്റര്‍ ഒഴികെ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാകും; കൊയിലാണ്ടി ബൈപാസ് ഈ മാസാവസാനം തുറക്കും’: മന്ത്രി പി എ മുഹമ്മദ് റിയാസ്

news image
Oct 7, 2025, 11:22 am GMT+0000 payyolionline.in

ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റര്‍, മൂരാട് മുതല്‍ നന്തി വരെയുള്ള 10.3 കിലോമീറ്റര്‍, നന്തി മുതല്‍ വെങ്ങളം വരെയുള്ള 16.7 കിലോമീറ്റര്‍ എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊയിലാണ്ടി ബൈപാസ് ഈ മാസം അവസാനത്തോടെ ഗതാഗതയോഗ്യമാക്കി തുറന്നുനല്‍കും. ബൈപാസിന്റെ പണി ഡിസംബറോടെ പൂര്‍ത്തിയാകും. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്ത് നിലവില്‍ പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ ഈ മാസം തന്നെ തുറന്നു നല്‍കാനും യോഗത്തില്‍ തീരുമാനമായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭാഗം 10 കിലോമീറ്റര്‍ വീതം വരുന്ന നാല് സ്ട്രെച്ചുകളായി തിരിച്ച് നിലവില്‍ പ്രവൃത്തി നടന്നുവരുകയാണ്. ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയപാത വികസന നിര്‍മാണ പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി. നാദാപുരം റോഡ് മുതല്‍ വടകര പുതുപ്പണം വരെയുള്ള 8.25 കിലോമീറ്റര്‍ റോഡ് പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.

2026 മാര്‍ച്ചോടെ ഈ ഭാഗത്തെ പണികള്‍ പൂര്‍ത്തിയാക്കുമെന്നും ദേശീയപാത അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ചെങ്ങോട്ടുകാവ്, നന്തി, പയ്യോളി ബസ് സ്റ്റാന്റ്, സര്‍വ്വീസ് റോഡ് എന്നിവയുടെ ടാറിംഗ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള ഭാഗത്തെ പണി നിലവില്‍ 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂരാട് മുതല്‍ നന്തി വരെയുള്ള ഭാഗത്തെ പണി 80 ശതമാനവും നന്തി മുതല്‍ വെങ്ങളം വരെയുള്ള ഭാഗം പ്രവൃത്തി 85 ശതമാനവും പൂര്‍ത്തിയായതായി ദേശീയപാത അധികൃതര്‍ അറിയിച്ചു. ദേശീയപാത പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ എല്ലാ 10 ദിവസം കൂടുമ്പോഴും പ്രത്യേക അവലോകന യോഗം ചേരാനും തീരുമാനമായി.

യോഗത്തില്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, എല്‍.എ.എന്‍.എച്ച്. പ്രൊജക്ട് ഡയറക്ടര്‍, എന്‍എച്ച്എഐ കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe