അഴീക്കോട് സഹകരണ ബാങ്കിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

news image
Nov 13, 2023, 4:50 am GMT+0000 payyolionline.in

കണ്ണൂർ: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ അഴീക്കോട് സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ബാങ്ക് മുൻ പ്രസിഡന്‍റ് ഉൾപ്പെടെ ഭൂമിയ്ക്ക് ഉയർന്ന വില കാണിച്ച് അധികവായ്പയെടുത്തതായാണ് കണ്ടെത്തൽ.

അഴീക്കോട് സർവീസ് സഹകരണ ബാങ്ക് നാളുകളായി ഭരിക്കുന്നത് യുഡിഎഫാണ്. പതിനഞ്ച് വർഷത്തോളം ബാങ്ക് പ്രസിഡന്‍റായിരുന്ന, കോൺഗ്രസ് അഴീക്കോട് മണ്ഡലം മുൻ പ്രസിഡന്‍റ് എം എൻ രവീന്ദ്രൻ ഉൾപ്പെടെ ചട്ടം മറികടന്ന് വായ്പയെടുത്തെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. രവീന്ദ്രന്‍റെയും ഭാര്യ പ്രഭാവതിയുടെയും പേരിലുളളത് അൻപത് ലക്ഷം രൂപയുടെ വായ്പയാണ്. 2017ൽ പ്രഭാവതിയുടെ പേരിലുള്ള വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ നിലവിൽ ബാധ്യത 95 ലക്ഷമായി. അത് നിലനിൽക്കെയാണ് പ്രസിഡന്‍റായിരിക്കെ 2023 മാർച്ചിൽ രവീന്ദ്രന് 50 ലക്ഷം വായ്പ അനുവദിച്ചത്.

ഈടായി നൽകിയ ഭൂമിയുടെ വില നിശ്ചയിച്ചതിൽ അപാകത കണ്ടെത്തി. രവീന്ദ്രൻ 24.42 സെന്‍റ് ഭൂമി ഈടായി നൽകിയതിന് ഭരണസമിതിയംഗം വില നിശ്ചയിച്ചത് 1.24 കോടി രൂപയാണ്. എന്നാൽ ഈ ഭൂമിയുടെ മതിപ്പുവില 71.75 ലക്ഷം മാത്രമെന്ന് കണ്ടെത്തി. മതിപ്പുവിലയുടെ 50 ശതമാനത്തിൽ കൂടുതൽ വായ്പ നൽകരുതെന്ന ചട്ടവും പാലിച്ചില്ല. ഭരണസമിതിയംഗമായിരുന്ന കെ ഗോകുലേശനും എട്ട് സെന്‍റ് ഭൂമിക്ക് ഉയർന്ന മതിപ്പുവില കണക്കാക്കി വായ്പയെടുത്തു. എട്ട് വായ്പകളിലാണ് സമാന ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിലെ 11 കോടിയിൽപ്പരം രൂപയുടെ വായ്പകൾ സംശയാസ്പദമെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe