തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി. അവസാന മണിക്കൂറില്‍ ആവശ്യക്കാര്‍ കൂടുന്നത് പരിഗണിച്ചാണ് വിൽപ്പന സമയം നീട്ടിയത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം. മെയിൻ – സബ്ഏജൻസികളെല്ലാം രാവിലെ 8 മണിക്ക് ഓഫീസുകള്‍ തുറക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലോട്ടറി ഓഫീസർ അറിയിച്ചു.
അതേസമയം നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുവോണം ബമ്പർ വിൽപ്പനയിൽ സർവകാല റെക്കോർഡെല്ലാം ഭേദിച്ച് മുന്നേറുകയാണ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാൾ അടക്കം മൊത്തം 21 പേർക്ക് കോടി സ്വന്തമാകുമെന്നതാണ് ഇത്തവണത്തെ നറുക്കെടുപ്പിന്റെ ഏറ്റവും വലിയ ആകർഷണീയത. 25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഇക്കുറി ഉണ്ടായിരുന്നു.