അശാസ്ത്രീയ ചികിത്സയും പരിചരണമില്ലായ്മയും; എടക്കഴിയൂരിൽ യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുക്കും

news image
Mar 21, 2026, 8:04 am GMT+0000 payyolionline.in

ചാവക്കാട്: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ അശാസ്ത്രീയ ചികിത്സയെത്തുടർന്ന് എടക്കഴിയൂർ സ്വദേശി മുഹ്സിന മരിച്ച സംഭവത്തിൽ, ആറു ദിവസം പ്രായമുള്ളപ്പോൾ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് ഫോറൻസിക് വിഭാഗം ഇതിന് ശുപാർശ നൽകിയത്. ജനുവരിയിലായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം നടന്നത്.

പ്രസവശേഷം മതിയായ പരിചരണവും ചികിത്സയും ലഭിക്കാത്തതാണ് മുഹ്സിനയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഗർഭപാത്രം ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും അണുബാധ പടർന്ന നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മുഹ്സിനയുടെ മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നുവെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

യുവതിക്ക് അശാസ്ത്രീയമായ അക്യുപങ്ചർ ചികിത്സ നൽകിയ മറ്റൊരു സ്ത്രീയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. മുൻപ് തിരൂരിൽ അക്യുപങ്ചർ ക്ലിനിക്ക് നടത്തിയിരുന്ന ഇബ്രാഹിം, കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനും എതിരായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഒരു വർഷം മുൻപ് ഇവരുടെ മൂന്ന് വയസ്സുള്ള മകൾ ചികിത്സ ലഭിക്കാതെ മരിച്ചതായും പരാതിയുണ്ട്.

തിങ്കളാഴ്ച കുടുംബാംഗങ്ങൾ നിർബന്ധിച്ചാണ് മുഹ്സിനയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ ഗുരുതരമായതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe