തിരുവനന്തപുരം: പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോൺ സംഭാഷണങ്ങൾ ചോർത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.
ഫോൺ ചോർത്താൻ വ്യവസ്ഥകളുണ്ടെന്നും അവ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമാണ് ചോർത്തുന്നതെന്നും ഇത് കേസ് അന്വേഷണത്തിലും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യത്തിലുമാണ് ചെയ്യുന്നത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും ഇന്ന് വൈകുന്നേരം രാജ്ഭവന് കൈമാറിയ മറുപടി കത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.