അർജുനെ കാത്ത് നാട്; ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും, നാലംഗ സംഘം ഷിരൂരിലേക്ക്

news image
Jul 19, 2024, 7:20 am GMT+0000 payyolionline.in
കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും. കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകിയിട്ടുണ്ട്. ദൗത്യം ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു.

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്. എൻഡിആർഎഫും പൊലീസും തെരച്ചിൽ  ഇപ്പോൾ തൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകൾ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവൽ ബേസിൽ അനുമതി തേടി.

അർജുനെ രക്ഷിക്കാൻ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും അടക്കമുള്ളവർ ഇടപെട്ടതോടെ രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെ ആണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പ്രതികരിച്ചു. കനത്ത മഴയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വെള്ളത്തിനടിയിൽ ലോറി ഉണ്ടോ എന്നറിയാൻ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. മണ്ണ് നീക്കൽ വേഗത്തിലാക്കിയെന്നും കളക്ടർ കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe