ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിനായി നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഈ ഉപകരണം ഉപയോഗിച്ചായിരിക്കും നാളെ തെരച്ചിൽ നടത്തുകയെന്നായിരുന്നു റിട്ട. മേജർ ജനറൽ പറഞ്ഞത്.
ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഈ ഉപകരണത്തിന്റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. മണ്ണിൽ പുതഞ്ഞ് പോയ വസ്തുക്കൾ 20 മീറ്റർ ആഴത്തിലും, വെള്ളത്തിലും മഞ്ഞിലും 70 മീറ്റർ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കുന്നുണ്ട്. അർജുനെ കാണാതായി എട്ടു ദിവസം പിന്നിടുമ്പോഴും തെരച്ചിലിൽ കാര്യമായ പുരോഗതിയില്ല.