അൽ ഷിഫ ആശുപത്രിയിലേക്ക് ഇന്ധനം നൽകാമെന്ന് ഇസ്രയേൽ; വാ​ഗ്ദാനം ഹമാസ് നിരസിച്ചതായി നെതന്യാഹു 

news image
Nov 13, 2023, 4:58 am GMT+0000 payyolionline.in

ടെൽഅവീവ്: ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് ഇന്ധനം നൽകാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടർന്ന് ​ഗാസയിലെ അൽഷിഫ ആശുപത്രിയിലെ ഇന്ധനം തീർന്നിരുന്നു. തുടർന്ന് ആശുപത്രി ശനിയാഴ്ച പ്രവർത്തനം നിർത്തിവച്ചു. പിന്നാലെയാണ് 300 ലിറ്റർ ഇന്ധനം ഇസ്രയേൽ ഇന്ധനം വാ​ഗ്ദാനം ചെയ്തത്. 

ഇസ്രയേൽ സൈന്യം ആശുപത്രികൾ ലക്ഷ്യമിടുന്നത് ചികിത്സിക്ക് ബുദ്ധിമുട്ടാണെന്ന് സന്നദ്ധ സംഘടനകൾ പറഞ്ഞിരുന്നു. അതേസമയം,  ആശുപത്രികൾക്കുള്ളിൽ നിന്നാണ് ഹമാസ് പ്രവർത്തിക്കുന്നതെന്ന് ഇസ്രയേൽ ആരോപിച്ചു. സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ചാണ് ഹമാസ് ആശുപത്രികളിൽ ഒളിച്ചിരിക്കുന്നതെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഞങ്ങൾക്ക് സാധാരണക്കാരുമായോ രോഗികളുമായോ യുദ്ധമില്ലെന്ന് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ആശുപത്രി പ്രവർത്തിപ്പിക്കുന്നതിനും ഇൻകുബേറ്ററുകൾക്കും ആവശ്യമായ ഇന്ധനം നൽകാമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തു. എന്നാൽ അവർ അത് നിരസിച്ചുവെന്ന് നെതന്യാഹു പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ആശുപത്രി പ്രവർത്തനരഹിതമായതോടെ മൂന്ന് നവജാതശിശുക്കൾ ഉൾപ്പെടെ അഞ്ചിലധികം രോഗികൾക്ക് കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ടു. ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് ഇസ്രയേൽ സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. കുട്ടികളെ മാറ്റാനുള്ള ശ്രമം ഏകോപിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുന്അകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ ലക്ഷ്യം ആശുപത്രികൾ അല്ല. തീവ്രവാദികളുടെ സൗകര്യങ്ങൾ തകർക്കുക എന്നതാണെന്നും ഹെക്റ്റ് പറഞ്ഞു. അൽ-ഷിഫ ഹോസ്പിറ്റൽ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം, കുട്ടികളെ ആശുപത്രിയിൽ നിന്ന് പുറത്തെത്തിക്കാൻ ആവശ്യമായ സഹായം ഇസ്രായേൽ നൽകുമെന്ന് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി പറഞ്ഞു. അതേസമയം, അൽ-ഷിഫ ആശുപത്രിയെ ഭീകരരുടെ താവളമെന്ന് ഇസ്രായേൽ സർക്കാർ വക്താവ് എയ്ലോൺ ലെവി വിശേഷിപ്പിച്ചു. ഹമാസ് തീവ്രവാദികൾ ആശുപത്രികളിൽ ഒളിച്ചിരിക്കുന്നതായും ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതായും ഇസ്രായേൽ ആരോപിച്ചു.

അതേസമയം, അൽ-ഷിഫ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം തുടർന്ന സാഹചര്യത്തിൽ ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ നിന്ന് ഹമാസ് താൽക്കാലികമായി പിന്മാറി. അൻപതോ നൂറോ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അൽ-ഷിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടുവെന്നും ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവരുടെയും സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചതായും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe