കഴിഞ്ഞ ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശ് തില്ലങ്കരി യാത്ര നടത്തിയത്. ആകാശ് തില്ലങ്കരി സഞ്ചരിച്ച രൂപമാറ്റം വരുത്തിയ വാഹനം വയനാട് മോട്ടോർ വാഹന വകുപ്പ് തിരിച്ചറിഞ്ഞ് നടപടിയെടുത്തു. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള 9 കുറ്റങ്ങളാണ് എംവിഡി ചുമുത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരായാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്.
മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെ കെ എല്‍ പത്ത് ബിബി 3724 എന്ന ജീപ്പാണ് രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നമ്പർ പോലും പ്രദർശിപ്പിക്കാതെ ആകാശ് തില്ലങ്കരി ഓടിച്ചിരുന്നത്. ഈ വാഹനം 2021 , 2023 വർഷങ്ങളിലെല്ലാം പലതവണ നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. 2023 ല്‍ 25,000 പിഴയും ചുമത്തിയിരുന്നു. വയനാട് പനമരം വഴി ഓടിച്ച വാഹനം കണ്ടെത്താൻ സിസിടിവികള്‍ അടക്കം പരിശോധിച്ചെങ്കിലും ഒടുവില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാഹനം തിരിച്ചറിഞ്ഞത്.